ദൈവസ്നേഹത്താൽ രൂപപ്പെടാൻ സ്വയം അനുവദിക്കണമെന്ന് പുരോഹിതരോട് ഉദ്ബോധിപ്പിച്ചു ലിയോ പതിനാലാമൻ മാർപ്പാപ്പ
"ആ സ്നേഹത്താൽ നമ്മെത്തന്നെ ആശ്ലേഷിക്കാനും രൂപപ്പെടുത്താനും, ദൈവത്തിന്റെ ദൃഷ്ടികളിൽ ഒരു തരത്തിലുള്ള വിഭജനത്തിനോ വിദ്വേഷത്തിനോ സ്ഥാനമില്ലെന്ന് തിരിച്ചറിയാനും നാം വിളിക്കപ്പെട്ടിരിക്കുന്നു" പാപ്പ പറഞ്ഞു.
പിതാവായ ദൈവത്തിന്റെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന ഉദാരമായ ഒരു സ്നേഹത്തോടെ അജപാലന ശുശ്രൂഷ ചെയ്യാനാണു പുരോഹിതർ വിളിക്കപ്പെട്ടിരിക്കുന്നതെന്നു പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. ആരും നഷ്ടപ്പെടാതിരിക്കാനും, എല്ലാ ആളുകളും തങ്ങളുടെ ശുശ്രൂഷയിലൂടെ മിശിഹായെ അറിയാനും അവനിൽ നിത്യജീവൻ നേടാനും വേണ്ടിയുള്ള ആഗ്രഹം വൈദീകർ അവരുടെ ഹൃദയങ്ങളിൽ വളർത്തിയെടുക്കണം.
പൗരോഹിത്യ ശുശ്രൂഷയുടെ സാരാംശം എടുത്തുകാണിച്ചുകൊണ്ട്, മിശിഹായുടെ ശരീരത്തെ ഐക്യത്തിൽ കെട്ടിപ്പടുക്കുന്നതിന് അത്യാവശ്യമായ വിശുദ്ധീകരണത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രവൃത്തിയായിട്ടാണ് പാപ്പ അതിനെ വിശേഷിപ്പിച്ചത്. "ആരും അവഗണിക്കപ്പെട്ടതായി തോന്നാതിരിക്കാൻ വൈരുദ്ധ്യങ്ങളെ യോജിപ്പിക്കാൻ പരിശ്രമിച്ചുകൊണ്ട്, എല്ലാവരെയും സ്നേഹത്തിന്റെ ഐക്യത്തിലേക്ക് നയിക്കണമെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനം പാപ്പ ഓർമ്മിപ്പിച്ചു.
"മിശിഹായുടെ ഹൃദയത്തിൽ നിന്ന് സമൃദ്ധമായി ഒഴുകുന്ന സ്നേഹത്താൽ പരസ്പരം അനുരഞ്ജനം പ്രാപിച്ചും ഐക്യപ്പെട്ടും രൂപാന്തരപ്പെട്ടും, വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും എല്ലാവരോടും സ്നേഹപൂർവ്വം തുറവിയുള്ളവരായിരിക്കുകയും ചെയ്തുകൊണ്ട് നമുക്ക് അവന്റെ കാൽച്ചുവടുകളിൽ എളിമയോടെയും ദൃഢനിശ്ചയത്തോടെയും ഒരുമിച്ച് നടക്കാം." പരിശുദ്ധ പിതാവ് ഉപസംഹരിച്ചു.