ലക്ഷക്കണക്കിന് മലയാളികള്‍ ഇന്നും ജോലി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ.
സ്വദേശിവത്കരണ സമയത്ത് ഇടക്കാലത്ത് പലർക്കും ജോലി നഷ്ടമായെങ്കിലും പുതിയ സാധ്യതകള്‍ തേടിയുള്ള യാത്രകള്‍ ഇന്നും ശക്തമാണ്. ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളേയാണ് സൗദി അടുത്തകാലത്തായി പ്രധാനമായും തേടുന്നത്. എന്നാല്‍ ഇത്തരം തൊഴില്‍ മേഖലകളില്‍ പ്രവർത്തിക്കുന്ന വിദേശികളെ സംബന്ധിച്ച് അല്‍പം ആശങ്കയ്ക്ക് ഇടയാക്കുന്ന വാർത്തകളാണ് ഇപ്പോള്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വരുന്നത്.
പല രാഷ്ട്രങ്ങളിലും പതിനായിരക്കണക്കിന് പ്രൊഫഷണലുകളുടെ ജോലി കളഞ്ഞ എഐ സാങ്കേതിക വിദ്യ തന്നെയാണ് ഇവിടേയും വില്ലന്‍. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതിക വിദ്യകളില്‍ വൻതോതിലുള്ള നിക്ഷേപമാണ് സൗദി അറേബ്യ അടുത്ത കാലത്തായി നടത്തിയിരിക്കുന്നത്. ഇതില്‍ തന്നെ ഭാവിയിലെ ഹൈ-ടെക് ജോലികള്‍ക്കായി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന് രാജ്യം വലിയ പ്രധാന്യം കൊടുക്കുന്നു.
എഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, സ്മാർട്ട് സിറ്റികള്‍ തുടങ്ങിയ മേഖലകളില്‍ വലിയ പരിവർത്തനം കൊണ്ടുവരികയാണ് സൗദിയുടെ ലക്ഷ്യം. അതായത് ഭാവിയില്‍ ഈ രംഗത്തെ ജോലികളില്‍ വലിയൊരു വിഭാഗവും എഐ അധിഷ്ഠിത സാങ്കേതിക വിദ്യകളിലേക്ക് മാറും. എഐ പ്രവാസികളുടെ മാത്രം അല്ല സ്വന്തം പൌരന്മാരുടേയും ജോലി കളയുമെങ്കിലും ഏറ്റവും ആദ്യം തെറിക്കുന്ന ജോലി വിദേശികളുടേതായിരിക്കും