രക്തസാക്ഷിയായ ഫ്ലോറിബർത്ത് വാഴ്ത്തപ്പെട്ട നിരയിലേക്ക്.

രക്തസാക്ഷിയായ ഫ്ലോറിബർത്ത് വാഴ്ത്തപ്പെട്ട നിരയിലേക്ക്.

maaa207

അഴിമതിയ്ക്കും കോഴയ്ക്കും എതിരായി നിലകൊണ്ടതിന്റെ പേരില്‍ മരണം വരിച്ച കോംഗോ രക്തസാക്ഷി ഫ്ലോറിബർത്ത് ചുയി വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ജൂൺ 15 ഞായറാഴ്ച വാഴ്ത്തപ്പെട്ട പ്രഖ്യാപനം നടക്കും. റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ ഞായറാഴ്ച നടക്കുന്ന തിരുക്കർമ്മത്തിൽ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർസെല്ലൊ സെമരാരോ മുഖ്യകാർമ്മികത്വം വഹിക്കും. കോഴപ്പണം നിഷേധിക്കുകയും അഴിമതിക്ക് കൂട്ടുനില്കാതിരിക്കുകയും ചെയ്തതിനാലാണ് ഇരുപത്തിയാറു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഈ യുവാവ് വധിക്കപ്പെട്ടത്.

1981 ജൂൺ 13-ന് ഗോമയിലാണ് ഫ്ലോറിബർത്ത് ചുയി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം നിയമ ബിരുദം നേടി. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന കിൻഷാസയിലെ സർക്കാർ ഏജൻസിയായ കോംഗോലൈസ് ഡി കോൺട്രേലിലാണ് അദ്ദേഹം തുടക്കത്തിൽ ജോലി ചെയ്തത്. കോംഗോയും റുവാണ്ടയും തമ്മിലുള്ള അതിർത്തി പ്രദേശത്ത് ചരക്കുകൾ പരിശോധിക്കുകയും ചുങ്കം പിരിക്കുകയും ചെയ്യുന്ന കാര്യാലയ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ക്രിസ്തു വിശ്വാസം മുറുകെ പിടിച്ചിരിന്നു. ഇതിനിടെ പാവപ്പെട്ടവരെ സന്ദർശിക്കുകയും കുട്ടികളെ പഠിപ്പിക്കുന്നതിന് സഹായഹസ്തം നീട്ടുകയും ചെയ്തു

ആരോഗ്യത്തിനു ഹാനികരമായ മോശം ഭക്ഷ്യപദാർത്ഥങ്ങൾ കടത്തിവിടാൻ കോഴ നല്കി സ്വാധീനിക്കാൻ ശ്രമിച്ചപ്പോൾ അതിനു വഴങ്ങാന്‍ അദ്ദേഹം തയാറായിരിന്നില്ല. താന്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഗോമ ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ദ്ധയായിരുന്ന സിസ്റ്റര്‍ ജീൻ സെസിലിനോടു ഫ്ലോറിബർത്ത് പറഞ്ഞത് ഇങ്ങനെയായിരിന്നു: "പണം ഉടൻ അപ്രത്യക്ഷമാകും. എന്നാൽ ആ ഉൽപ്പന്നങ്ങൾ കഴിക്കേണ്ടിയിരുന്ന ആളുകൾക്ക് എന്താണ് സംഭവിക്കുക? ഞാൻ ഈ പണം സ്വീകരിച്ചാൽ, ഞാൻ ക്രിസ്തുവിൽ ജീവിക്കുമോ? ഞാൻ ക്രിസ്തുവിനുവേണ്ടി ജീവിക്കുമോ? ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ആളുകളുടെ ജീവൻ ബലികഴിക്കാൻ എനിക്ക് അനുവദിക്കാനാവില്ല. ആ പണം സ്വീകരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്".

2007 ജൂലൈ ഏഴിന് അദ്ദേഹം ഒരു കടയിൽ നിന്നിറങ്ങുന്ന സമയത്തു അജ്ഞാതർ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫ്ലോറിബർത്തിൻറെ ചേതനയറ്റ ശരീരം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ക്രൂരമായി പീഡനമേറ്റതിൻറെ അടയാളങ്ങൾ ശരീരത്തിലുണ്ടായിരിന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടതിൻറെ പിറ്റെ ദിവസം, അതായത് ജൂലൈ 8-നാണ് അദ്ദേഹം മരണമടഞ്ഞതെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)